പിളര്‍ന്നാൽ പിന്നെ വീണ്ടും ലയനം !

പാര്‍ട്ടി യു.ഡി.എഫിലേക്ക് പോയാൽ പിളരാനുള്ള സാദ്ധ്യതയും തള്ളാനാകില്ല. കാരണം പാര്‍ട്ടിക്ക് നിലവിലുള്ള ഏകമന്ത്രി റോഷി അഗസ്റ്റിൻ പിണറായി വിജയനോട്...
കോട്ടയം : മാണി കോൺഗ്രസ്സ് മറുകണ്ടം ചാടുമോ...? മദ്ധ്യതിരുവിതാംകൂറിലെ രാഷ്ട്രീയവൃത്തങ്ങൾ സജീവമായി ചിന്തിക്കുന്നത് ഈ വിഷയമാണ്. എൽ.ഡി.എഫിൽ രണ്ടാംകുടികിടപ്പുകാരായി തുടരുന്നതിനേക്കാൾ നല്ലത് 2026ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ്. പാളയത്തിൽ എത്തുന്നതാണ് നല്ലതെന്ന് പാര്‍ട്ടിയിൽ ഒരുവിഭാഗം കരുതുന്നു. നിലമ്പൂര്‍ തിരഞ്ഞെടുപ്പിലുൾപ്പെടെ യു.ഡി.എഫ്. നേട്ടം കൊയ്തത് 2026ലെ അവരുടെ സാദ്ധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിലെ ചില ഉന്നതരുമായി പാര്‍ട്ടി അദ്ധ്യക്ഷൻ ജോസ് കെ. മാണി തന്നെ സംസാരിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്.
അതേസമയം, പാര്‍ട്ടി യു.ഡി.എഫിലേക്ക് പോയാൽ പിളരാനുള്ള സാദ്ധ്യതയും തള്ളാനാകില്ല. കാരണം പാര്‍ട്ടിക്ക് നിലവിലുള്ള ഏകമന്ത്രി റോഷി അഗസ്റ്റിൻ പിണറായി വിജയനോട് വളരെ ചേര്‍ന്ന് നിൽക്കുന്ന നേതാവാണ്. മാത്രമല്ല അദ്ദേഹം ജോസ് കെ. മാണിയുമായി അത്ര രസത്തിലുമല്ലെന്നറിയുന്നു. ഈ സാഹചര്യത്തിൽ പാര്‍ട്ടി മുന്നണി മാറിയാൽ റോഷിയും സംഘവും ഇടതുപാളയത്തിൽ തന്നെ തുടരാനാണ് സാദ്ധ്യത. അതുകൊണ്ട് വളരെ കരുതലോടെ നീങ്ങാനാണ് ജോസ് കെ. മാണിയും സംഘവും തീരുമാനിച്ചിരിക്കുന്നത്. എന്നാൽ നിര്‍ണ്ണായകഘട്ടത്തിൽ മുന്നണിയെ കൈവിട്ട് സുഖലാവണം തേടിപ്പോയവരെ വീണ്ടും അടുപ്പിക്കേണ്ടതില്ല എന്നാണ് യു.ഡി.എഫിലെ ഒരുവിഭാഗം കരുതുന്നത്. എന്നാൽ കേരളാകോൺഗ്രസ്സിന് ഇനിയും ലയിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് കേരളകൊൺഗ്രസ്സ് നേതാവ് പി.ജെ. ജോസഫ് അടുത്തിടെ പറഞ്ഞിരുന്നു. ഒരുവേള റോഷിയും സംഘവും ജോസ് കെ. മാണിയെ കൈവിട്ടാലും ജോസഫിലൂടെ പാര്‍ട്ടിയെ കരുത്തുറ്റതാക്കാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അതേസമയം, എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള മറുമരുന്ന് സജിചെറിയാന്റെ നേതൃത്വത്തിൽ നടക്കുന്നതായും അറിയുന്നു.
Photo Courtesy - Google











